ജനസംഖ്യാവളര്‍ച്ച: പ്രകൃതിയാഥാര്‍ത്ഥ്യവും സമീപന മാര്‍ഗ്ഗരേഖകളും
![]() |
| എം.അബ്ദുല്‍ സലാം |
കടമേരി റഹ്മാനിയ അറബിക് കോളേജ് വിദ്യാര്‍ത്ഥിയായ എം.അബ്ദുല്‍ സലാം കൂട്ടാലുങ്ങള്‍ ആണ് രചിതാവ്.
എന്‍റെ സുഹൃത്തിന്റെ ലേഖനം അഭിമാന പുരസ്‌കാരം പോസ്റ്റുന്നു.
[തെക്കേ ആഫ്രിക്കയിലെയും സോമാലിയയിലെയും അഫ്‌ഗാനിലെയും പട്ടിണിമരണങ്ങള്‍ക്ക് കാരണം ജനസംഖ്യാവര്‍ദ്ധനവാണോ അതോ ആഗോള സാമ്പത്തിക ശക്തികളുടെ നിസ്സഹകരണമാണോ? ]
വിശ്വപ്രപഞ്ചത്തിലെ ചെറിയ ഭാഗം മാത്രമായ ഭൂമിയെ മറ്റിതര ഗ്രഹങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്ന പ്രധാനഘടകം ജീവാംശത്തിന്റെ സാന്നിദ്ധ്യമാണ്. ജീവിവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനുതകുന്ന രീതിയിലാണ് ഭൂമിയും പ്രകൃതിയും സംവിധാനിക്കപ്പെട്ടിരിക്കുന്നത് . മത-ഭൗതികവാദികള്‍ ഒന്നടങ്കം അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണിത്.
എല്ലാ നിലയിലും പ്രകൃതിയെ തനിക്കനുകൂലമാക്കി നാഗരികവി കസനത്തില്‍ സ്വാധീനം ചെലുത്തുകയെന്ന ലക്ഷ്യമാണ് മനുഷ്യന്‍ ആത്യന്തികമായി നിറവേറ്റേണ്ടത്. വിശേഷബുദ്ധി ഉപയോഗിച്ച് മനുഷ്യന്‍ പ്രകൃതിയുമായി ക്രിയാത്മകമായി സംവദിക്കുമ്പോള്‍ മാത്രമേ അവന്‍ തന്‍റെ ധര്‍മ്മം നിറവേറ്റുന്നുള്ളൂ. അല്ലാതെ പ്രകൃതി വിഭവങ്ങളോട് നിഷ്‌ക്രിയ സമീപനമാണ് മനുഷ്യന്‍ രൂപപ്പെടുത്തുന്നതെങ്കില്‍ സ്വനാഗരികതയുടെ മുന്നില്‍ വിഘാതമാകുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. ഈ അടിസ്ഥാനതത്വത്തില്‍ നിന്നാണ് ശക്തമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന `പോപ്പുലേഷന്‍ എക്‌സ്‌പ്ലോഷന്‍, ഫാമിലി പ്ലാനിംഗ്, ബര്‍ത്ത് കണ്‍ട്രോളിംഗ്' തുടങ്ങിയ സംജ്ഞകളെ വിലയിരുത്തേണ്ടതും വിധി പറയേണ്ടതും.
ഇപ്പോഴുള്ള ജനസംഖ്യാവളര്‍ച്ച ഈ രീതിയില്‍ തുടര്‍ന്നാല്‍ 2015-ഓടെ 710 മുതല്‍ 780 കോടി വരെയായും 2050-ഓടെ 1190 കോടിയുമായി ഉയരുമെന്ന് യു.എന്‍.ഒ. യുടെ പുതിയ കണക്ക് വ്യക്തമാക്കുന്നു. 2050ല്‍ ജനസംഖ്യ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി വര്‍ദ്ധിക്കുമെന്ന് ടൈം മാഗസിന്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പലപ്പോഴായി ഉയര്‍ന്നു കേള്‍ക്കാറുള്ള ഇത്തരം കണക്കുകളും റിപ്പോര്‍ട്ടുകളും ജനസംഖ്യാവളര്‍ച്ചയുടെ ആന്തരികവശങ്ങളിലേക്കും ഗുണാത്മക പ്രതിഫലനങ്ങളിലേക്കും കടന്നുചെല്ലാറില്ലെന്നത് സത്യമാണ്.
ജനസംഖ്യാവളര്‍ച്ച: വാദങ്ങള്‍, വിവാദങ്ങള്‍
മനുഷ്യന്‍ പുരോഗതിയുടെ പാതയിലാണ്. ഇതിനിടയില്‍ മാനവ വിഭവശേഷിയോട് ക്രിയാത്മകസമീപനം പുലര്‍ത്തുന്നതിനപ്പുറം ജനസംഖ്യാവര്‍ദ്ധനവാണ് ലോകത്ത് പ്രതിസന്ധി രൂപപ്പെടുത്തുന്ന ഘടകമെന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
![]() |
| റോബര്‍ട്ട് മാല്‍ത്തൂസ് |
1798 ജൂണില്‍ റോബര്‍ട്ട് മാല്‍ത്തൂസ് രചിച്ച 'An essay on the principles of population' എന്ന കൃതിയാണ് ലോകത്താദ്യമായി ജനസംഖ്യാവളര്‍ച്ചക്കെതിരേ എഴുതപ്പെട്ട കൃതി. ``ഇതുമൂലം ദാരിദ്ര്യവും ക്ഷാമവും പട്ടിണിയും സാമ്പത്തികാരക്ഷിതാവസ്ഥയും അധികരിക്കുമെന്നും, പ്രകൃതിക്ക് താങ്ങാവുന്നതിലപ്പുറമായാല്‍ പ്രകൃതി തിരിച്ചടിക്കുമെന്നും'' സ്ഥാപിക്കാനാണ് മാല്‍ത്തൂസ് ശ്രമിക്കുന്നത്. 1968ല്‍ ഇറങ്ങിയ പോള്‍ എര്‍ലിച്ചിന്റെ 'The Population Bomb' എന്ന പുസ്‌തകത്തിലും ജനസംഖ്യാവളര്‍ച്ചക്കെതിരേ ഈ ന്യായങ്ങള്‍ തന്നെയാണ് നിരത്തിയത്. ക്രമേണ ഭൗതിക സുഖജീവിത സംസ്‌ക്കാരത്തിന്റെ വളര്‍ച്ചമൂലം ഇത്തരം വാദങ്ങള്‍ക്ക് പിന്തുണ ലഭിച്ചുതുടങ്ങുകയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ 'The Neo Mathusian' എന്ന പ്രസ്ഥാനം ഉടലെടുക്കുകയും ചെയ്‌തു. ഇദംപ്രഥമമായി മനസ്സിലാക്കേണ്ട കാര്യം ലോകത്ത് ഭക്ഷ്യ-സാമൂഹിക-സാമ്പത്തിക തലങ്ങളിലൊന്നും തന്നെ പ്രതിസന്ധി നേരിടാത്ത സാഹചര്യത്തിലാണ് ജനസംഖ്യാവര്‍ദ്ധനക്കെതിരേ പ്രസ്ഥാനം ഉടലെടുക്കുന്നതെന്നാണ്. അപ്പോള്‍ ഇതിനുപിന്നിലെ വാര്‍പ്പുമാതൃകകളെ എളുപ്പം മനസ്സിലാക്കാനാകും.
വിഭവശേഷിയും വളര്‍ച്ചാനിരക്കും 1998ലെ യു.എന്‍.ഒ. യുടെ ലോക പോപ്പുലേഷന്‍ പ്രോസ്‌പെക്ടസ് വ്യക്തമാക്കുന്നത് പ്രകാരം ജനസംഖ്യ 100 കോടിയില്‍ നിന്നും 200 കോടിയാകാന്‍ ഒരു നൂറ്റാണ്ട് വേണ്ടി വന്നുവെങ്കില്‍ 200ല്‍ നിന്നും 300ല്‍ എത്താന്‍ കേവലം 30 വര്‍ഷങ്ങളേ വേണ്ടിവന്നുള്ളൂ. ശേഷം 15 വര്‍ഷങ്ങള്‍ക്കകം 300ല്‍ നിന്നും 400ഉം 12 വര്‍ഷങ്ങള്‍ക്കകം 500ഉം ശേഷമുള്ള 12 വര്‍ഷത്തിനുള്ളില്‍ 600ഉം കോടിയായി ജനസംഖ്യ ഉയര്‍ന്നു. യു.എന്‍.ഒ.യുടെ തന്നെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് പ്രകാരം 1950 ല്‍ 252 കോടി ജനസംഖ്യയുണ്ടായിരുന്ന സമയത്ത് ഭൂമിയിലെ ഭക്ഷ്യോല്‍പാദനം 62.4 കോടി ടണ്‍ ആയിരുന്നു. ഇത് 1990 ല്‍ 520 കോടിയായി ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ ഉല്‍പാദനം 180 കോടിയായി ഉയര്‍ന്നു. ആനുപാതികമായി ജനസംഖ്യയേക്കാള്‍ ഉല്‍പാദനം വര്‍ദ്ധിച്ചുവെന്നര്‍ത്ഥം. പ്രകൃതിയോടുള്ള ക്രിയാത്മകവും ബുദ്ധിപൂര്‍വ്വവുമായ സമീപനം മനുഷ്യനാഗരിക വികാസത്തെ സ്വാധീനിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
1951ല്‍ ഇന്ത്യയിലെ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 117 എന്ന തോതിലാണ്. 1991ല്‍ 267 എന്ന രീതിയില്‍ വര്‍ദ്ധിച്ചു. ജനസംഖ്യാനുപാതികമായി മാത്രമെന്നല്ല അതിനേക്കാള്‍ ശക്തമായ വളര്‍ച്ചയാണ് ഭക്ഷ്യോല്‍പാദനത്തില്‍ സംഭവിച്ചത്. 1951ല്‍ ഹെക്ടറില്‍ 668 കി.ഗ്രാം അരി ഉല്‍പ്പാദിപ്പിച്ച സ്ഥാനത്ത് 1993ല്‍ 1741 കി.ഗ്രാം ഉല്‍പ്പാദനമാണുണ്ടായത്. അഥവാ 1951ലേതിന്റെ മൂന്നിരട്ടി വര്‍ദ്ധന. ഈ കണക്കനുസരിച്ച് 20കോടി ജനങ്ങള്‍ വളര്‍ന്നെങ്കിലേ ഉല്‍പാദനത്തിനാനുപാതിക ജനസംഖ്യാവളര്‍ച്ചയുണ്ടാകൂ. ഗോതമ്പടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്ഥിതിയും ഇതുതന്നെ. അതുകൊണ്ടുതന്നെ `പോപ്പുലേഷന്‍ എക്‌സ്‌പ്ലോഷനിലൂടെ ഭക്ഷ്യദൗര്‍ബല്യവും ക്ഷാമവും സംഭവിക്കില്ലെന്ന് തീര്‍ത്തു പറയാനാകും. ഒപ്പം ഇത്തരം പ്രതിസന്ധികളുടെ യഥാര്‍ത്ഥ വശങ്ങളെ കൂടുതല്‍ അന്വേഷിക്കേണ്ടിയും വരുന്നു. വിശ്വചരിത്രത്തിന് ആമുഖമെഴുതിയ ഇബ്‌നുഖല്‍ദ്ദൂന്‍ `മുഖദ്ദിമ'യില്‍ പറയുന്നത് കാണുക ``ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ അദ്ധ്വാനം ഇരട്ടിയാകുന്നു. ക്രമേണ ദശഗുണീഭവിക്കുന്നു. ശേഷം ശതഗുണീഭവിക്കുന്നു''. ഈ സാഹചര്യം തുടരുമ്പോള്‍ ജനസംഖ്യ കൂടുതലുള്ള രാഷ്ട്രം കുറവുള്ള രാഷ്ട്രത്തേക്കാള്‍ പുരോഗതിക്കണമെന്ന തത്വമാണ് ഖല്‍ദ്ദൂന്‍ സമര്‍പ്പിക്കുന്നത്.
1991ല്‍ ഹാന്റ്‌വേര്‍സ് യൂണീവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നത് പ്രകാരം ``ലാറ്റിനമേരിക്കന്‍ ജനസംഖ്യ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്നതിന്റെ ഏഴിരട്ടി വര്‍ദ്ധിച്ചപ്പോള്‍ വരുമാനം ജനസംഖ്യാവര്‍ദ്ധനവിന്റെ 5 ഇരട്ടി വര്‍ദ്ധിച്ചു. അഥവാ 1900 ല്‍ ഉണ്ടായിരുന്നതിന്റെ 35 ഇരട്ടി വര്‍ദ്ധിച്ചുവെന്നര്‍ത്ഥം.
ദാരിദ്ര്യത്തിന്റെ കാരണം ജനസംഖ്യയല്ലെന്നും സാമ്പത്തിക കേന്ദ്രീകരണം നിലനില്‍ക്കുന്ന സാമൂഹികാവസ്ഥയാണെന്നും `കാറല്‍ മാര്‍ക്‌സ്' നിരീക്ഷിച്ചിട്ടുണ്ട്. വേള്‍ഡ് ബാങ്കും മറ്റു സാമ്പത്തിക ഏജന്‍സികളും പുറത്തുവിടുന്ന കണക്കുപ്രകാരം 20 ശതമാനത്തില്‍ താഴെ ആളുകള്‍ ആകെ സമ്പത്തിന്റെ 80 ശതമാനവും ഉപയോഗിക്കുന്നുണ്ടെന്നാണ്. പ്രകൃതി; ഇടപെടേണ്ട വിധം
പ്രകൃതിയോട് ഇണങ്ങിയുള്ള സന്തുലിതവും കേന്ദ്രീകൃതവുമായ വികസന നയം രൂപപ്പെടുമ്പോള്‍ അനുകൂല വളര്‍ച്ചയും അതിലൂടെ നാഗരികതയുടെ ഗുണാത്മക വികസനവും സംഭവിക്കുന്നു. മാര്‍ക്‌സ് പറയുന്നത് കാണുക ``കൃഷിയില്‍ തുടരെത്തുടരെ ഗുണകരമായ ഫലങ്ങളോട് കൂടിയും മൂലധനം നിക്ഷേപിക്കാനാവും. കാരണം, മണ്ണ് തന്നെ ഇവിടെ ഉല്‍പാദനോപകരണമാണ്. എന്നാല്‍ ഫാക്ടറികള്‍ ഇപ്രകാരമല്ല. മണ്ണിന്റെ സ്ഥിതി മറിച്ചാണ്. ശരിക്ക് പരിപാലിച്ചാല്‍ അത് എല്ലാകാലവും മെച്ചപ്പെട്ടുകൊണ്ടിരിക്കും. മുമ്പ് നടത്തിയ നിക്ഷേപങ്ങള്‍ നഷ്ടപ്പെടാതെ തുടര്‍ച്ചയായി പുതിയ മൂലധന നിക്ഷേപങ്ങള്‍ക്ക് അവസരം നല്‍കും. മണ്ണിന്റെ ഈ ഗുണം തുടര്‍ച്ചയായ മൂലധന നിക്ഷേപങ്ങളില്‍ നിന്നുള്ള വിളവ് വ്യത്യാസപ്പെടാന്‍ ഇടയുണ്ടെന്ന സാധ്യത സൃഷ്ടിക്കുന്നു". (മൂലധനം : മുതലാളിത്തോല്‍പാദനത്തിന്റെ പ്രക്രിയ എന്ന അദ്ധ്യാത്തില്‍). മാര്‍ക്‌സിന്റെ ഈ വീക്ഷണം മണ്ണിനെ ഏതുരീതിയില്‍ പരിവര്ത്തിപ്പിക്കാമെന്നതിലേക് കാണ് വെളിച്ചം വീശുന്നത്.
യു.എസ്.എ കാര്‍ഷിക മന്ത്രാലയത്തിലെ റോബര്‍ട്ട് സോര്‍സ്, ഹോപ്പര്‍ സോസസ് എന്നിവരുടെ അഭിപ്രായ പ്രകാരം ``നിലവിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് 25 മില്യണ്‍ ചതുരശ്രമൈല്‍ (ഏകദേശം കരയുടെ പകുതിഭാഗം) ഭൂമി കൃഷിക്കുപയോഗിക്കാം. പക്ഷേ, ഇന്നേവരെ 2.5 ബില്യണ്‍ ഏക്കര്‍ പോലും കാര്‍ഷിക ഭൂപ്രദേശമെത്തിയിട്ടില്ല. പ്രകൃതിവിഭവശേഷിയെ അനുയോജ്യവിധത്തില്‍ ചൂഷണവിധേയമാക്കിയാല്‍ ഭക്ഷ്യോല്‍പാദനരംഗത്ത് പ്രതിസന്ധി രൂപപ്പെടുകയില്ലെന്നത് സത്യമാണ്. എല്ലാ നിലയിലുമുള്ള അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കണമെന്നു മാത്രം". പ്രാദേശിക കണക്കുകളും ആനുപാതിക കൃഷിസമീപനങ്ങളില്‍ നിന്നും വിദൂരമാണെന്നാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ ആകെ പ്രഖ്യാപിക്കപ്പെട്ട മിച്ചഭൂമി 131089 ഏക്കറാണ്. ഇതില്‍ ഗവണ്‍മെന്റ് പിടിച്ചെടുത്തത് 99263 ഏക്കര്‍ മാത്രവും. ബാക്കി 31823 ഏക്കര്‍ ഭൂമി അനിയന്ത്രിതമായും നിയമവിധേയമല്ലാതെയും കയ്യേറപ്പെട്ടതാണ്. ഭൂമാഫിയകളും സര്‍ക്കാര്‍ ഭൂമി കയ്യടക്കിയവരും പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ നിര്‍ലോമകരമായാണ് ഇടപെടുന്നത്. ഉപയോഗശൂന്യമായ ഭൂപ്രദേശങ്ങളെ ഫലലബ്‌ദിയുള്ളതാക്കാന്‍ വേണ്ടി നമ്മുടെ രാജ്യത്ത് 1985 മുതല്‍ നാഷണല്‍ വേസ്റ്റ് ലാന്റ് ഡെവലപ്‌മെന്റ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും , സാഹചര്യങ്ങളില്‍ ദ്രുതഗതിയിലുള്ള മാറ്റം കണ്ടുവരുന്നില്ല.
ഇന്ത്യന്‍ നദികളിലൂടെ വര്‍ഷം തോറുമൊഴുകുന്ന ജലസമ്പത്ത് ശരാശരി 168300 ഘന മീറ്ററാണ്. ഗോദാവരിയും കൃഷ്‌ണയും കാവേരിയും നര്‍മ്മദയും നല്‍കുന്ന ജലസമ്പത്ത് കാര്‍ഷിക രംഗത്ത് കൂടുതല്‍ ഡാമുകളടക്കമുള്ള മാര്‍ഗ്ഗങ്ങളിലൂടെ ഉപയോഗപ്പെടുത്തിയാല്‍ വരള്‍ച്ച മൂലമുള്ള ക്ഷാമത്തെ ഒട്ടനവധി സ്ഥലങ്ങളില്‍ നേരിടാനാവും.
ജനനനിയന്ത്രണം യാഥാര്‍ത്ഥ്യമെന്ത്?
സിവിലൈസ്‌ഡ് സൊസൈറ്റിയുടെ മുദ്രാവാക്യമായി ഫാമിലി പ്ലാനിംഗും ബര്‍ത്ത് കണ്‍ട്രോളിംഗും സ്വീകരിക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. ഫൈവ് സ്റ്റാര്‍ ഹോസ്‌പിറ്റലുകളിലെ ഭ്രൂണഹത്യാനിരക്ക് ഇതാണല്ലോ ബോധ്യപ്പെടുത്തുന്നത്. പ്രകൃതി ജന്യ പ്രജനന മാര്‍ഗ്ഗത്തിന് മുന്നിലെ തടസ്സമെന്ന് ലളിതമായി ഭ്രൂണഹത്യയെ വിളിക്കാം. ജനസംഖ്യാ നിയന്ത്രണത്തിന് വേണ്ടി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ രൂപം കൊണ്ട ``ദ നിയോ മാല്‍ത്തൂസിയന്‍'' പ്രസ്ഥാനത്തിന്റെ ആധുനികരൂപങ്ങള്‍ ഇന്ന് ഒട്ടനവധിയുണ്ട്.
ഈ വാദങ്ങളുടെ ഔദ്യോഗിക അംഗീകാരമാണല്ലോ ഓരോ ജൂലൈ പതിനൊന്നുകളിലൂടെയും (ലോകജനസംഖ്യാ ദിനം) നിറവേറ്റപ്പെടുന്നത്. ഓരോ മിനുട്ടിലും 30 പ്രസവങ്ങള്‍ എന്ന തോതില്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഒപ്പം ജനസംഖ്യയുടെ ഈ രീതിയിലെ വളര്‍ച്ച നൂറ്റാണ്ടിന്റെയന്ത്യത്തോടെ ദരിദ്രരുടെ എണ്ണം 200 മില്ല്യണാക്കി മാറ്റും. രാഷ്ട്രീയ വംശീയ സംഘര്‍ഷങ്ങളിലെ അഭയാര്‍ത്ഥികളായി 20 മില്ല്യണോളം ജനങ്ങള്‍ ലോകത്തുണ്ട്. 1970ല്‍ ഇത് 8 മില്ല്യണായിരുന്നു. 960 ദശലക്ഷമാളുകള്‍ നിരക്ഷരരായുണ്ടെന്നും കണക്കുകള്‍ പറയുന്നു. കേവല ജനസംഖ്യാവര്‍ദ്ധനവിന്റെ പരിണതിയായി സംഭവിക്കുന്നതല്ല ഇത്തരം പ്രതിസന്ധികളെന്ന് വ്യക്തമായിട്ടുകൂടി പെരുപ്പിച്ചെടുത്ത കണക്കുകള്‍ വഴി സമൂഹത്തെ മസ്‌തിഷ്‌ക പ്രക്ഷാളനം നടത്തുകയാണ് ആ വാദങ്ങളുടെ പിന്നണിപ്രവര്‍ത്തകര്‍ ചെയ്യുന്നത്.
ആനുപാതിക ജനസംഖ്യാ കമ്മി മൂലം ഇന്ന് പല രാഷ്ട്രങ്ങളും ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. ഇത് ജനസംഖ്യാ വളര്‍ച്ചാ വിരുദ്ധ വാദങ്ങളുടെ ദിശ നിര്‍ണ്ണയിക്കാന്‍ നമുക്ക് പര്യാപ്‌തമാണ്. ജനനനിരക്ക് കുറഞ്ഞ ഇറ്റലിയുടെ സര്‍വ്വമേഖലകളെയും സജീവമായി പുനരുജ്ജീവിപ്പിക്കാന്‍ 25 വര്‍ഷത്തിനകം 9 ദശലക്ഷം കുടിയേറ്റക്കാരെ വേണ്ടിവരുമെന്ന് യു.എന്‍.ഒ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഈയിടെയാണ്. 1962ല്‍ ഇസ്രയേല്‍ പ്രേരിത അബോര്‍ഷന്‍ നിര്‍ത്തലാക്കി. 1974 മുതല്‍ ഹംഗറിയും ഇതേ പാതയിലാണ്. വാഷിംഗ്‌ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'Centre for strategic internatioal studies' നടത്തിയ പഠനം സൂചിപ്പിക്കുന്നത് ജപ്പാന്‍, പശ്ചിമയൂറോപ്പ്, യു.എസ്.എ. തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഏതാനും വര്‍ഷത്തിനകം വന്‍തോതില്‍ ജനസംഖ്യാമാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നാണ്. രാഷ്ട്രത്തിന്റെ സമഗ്രപുരോഗതിക്കായി പ്രകൃതിസ സമ്പത്തിനെ ഉപയോഗപ്പെടുത്താന്‍ ആള്‍ബലം തേടിയുള്ള നെട്ടോട്ടം ഒരു ഭാഗത്ത് നടക്കുമ്പോള്‍ എങ്ങിനെയാണ് ജനസംഖ്യാവളര്‍ച്ച പ്രശ്‌നമാണെന്ന് വ്യാഖ്യാനിക്കാനാവുക. ജനസംഖ്യാവര്‍ദ്ധനവല്ലെങ്കില്‍ ലോകം നേരിടുന്ന ഭീതിദമായ പ്രതിസന്ധികള്‍ക്ക് കാരണമെന്താണ്? ആഫ്രിക്കയടക്കമുള്ള മൂന്നാം ലോക രാഷ്‌ട്രങ്ങളിലെ ജനങ്ങള്‍ മരണത്തിനിരയാകുന്ന റിപ്പോര്‍ട്ടുകള്‍ ദിനേന നമ്മുടെ കണ്‍മുന്നിലെത്തുമ്പോള്‍ ജനസംഖ്യാവളര്‍ച്ചയാണ് കാരണമെന്ന ന്യായം നിരത്തി നമുക്ക് കയ്യൊഴിയാനാകുമോ?
ദാരിദ്ര്യം, ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രതിഭാസങ്ങളുടെ പ്രധാന കാരണം ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അസന്തുലിതത്വവും അസമത്വവുമാണെന്ന് പല വിചക്ഷണരും സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ ശാസ്‌ത്രജ്ഞനായ ഡോ.സൂസന്‍ ജോര്‍ജ്ജ് പറയുന്നു ``ഭൂമിവാസികളുടെ വര്‍ദ്ധനവും കാലാവസ്ഥാ വ്യതിയാനവും താളപ്പിഴകളുമല്ല ഭൂമുഖത്ത് ദാരിദ്ര്യമുണ്ടാക്കുന്നത്. മറിച്ച് ലോകം ഒരു കൂട്ടം സാമ്പത്തിക വര്‍ഗ്ഗത്തിന്റെ കയ്യില്‍ കേന്ദ്രീകരിച്ചതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. അമേരിക്കയടക്കമുള്ള ലോക വന്‍ശക്തികള്‍ ജനസംഖ്യയിലെ നിരക്ക് വ്യത്യാസം കൊണ്ടല്ല സാമ്പത്തിക സുരക്ഷിതത്വം നേടിയത്. ആയുധവില്‍പനയടക്കമുള്ള മാര്‍ഗ്ഗങ്ങളിലൂടെ മൂന്നാം ലോകരാഷ്ട്രങ്ങളെ ചൂഷണംചെയ്യുകയാണ് വന്‍ ശക്തികള്‍. 1985ല്‍ ആയുധവില്‍പനയിലെ ലാഭത്തിന്റെ 55 ശതമാനം യു.എസ്.എ.യും 40 ശതമാനം റഷ്യയും പങ്കിട്ടെടുത്തു. ഇത്തരം സാമ്പത്തിക വിനിയോഗത്തിലെ അസാംഗത്യമാണ് വന്‍ശക്തികളുടെ പിന്‍ബലം". 'Poverty and faminess - An essay on entitlement and Deprivation' എന്ന ലേഖനത്തില്‍ അമര്‍ത്യാസെന്‍ ദാരിദ്ര്യത്തിന്റെയും മറ്റു ക്ഷാമപ്രതിസന്ധികളുടെയും യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നുണ്ട്. ലോകമഹായുദ്ധങ്ങളുടെ 1% ചെലവുകൊണ്ട് ലോകം മുഴുവനും ഭക്ഷ്യധാന്യം നല്‍കുവാന്‍ കഴിയുമായിരുന്നത്രെ.
യു.എന്‍.ഒ. - നിറവേറ്റപ്പെടാത്ത ബാദ്ധ്യതകള്‍
ജനസംഖ്യാ നിയന്ത്രണങ്ങളിലേക്ക് ഇപ്പോള്‍ നിലനില്‍ക്കുന്ന വാദങ്ങള്‍ മുന്‍നിര്‍ത്തി ലോകരാഷ്‌ട്രങ്ങളെ യു.എന്‍.ഒ. വലിച്ചിഴയ്‌ക്കരുത്. പ്രതിസന്ധികള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെ അവഗണിക്കുന്നത് നാഗരികതയുടെ തകര്‍ച്ചക്ക് വഴിവെക്കും. തെക്കേ ആഫ്രിക്കയിലെയും സോമാലിയയിലെയും അഫ്‌ഗാനിലെയും പട്ടിണിമരണങ്ങള്‍ക്ക് കാരണം ജനസംഖ്യാവര്‍ദ്ധനവാണോ അതോ ആഗോള സാമ്പത്തിക ശക്തികളുടെ നിസ്സഹകരണമാണോ?.ഈയിടെ റോമില്‍ നടന്ന ഭക്ഷ്യ ഉച്ചകോടിയുടെ പ്രാരംഭ സമ്മേളനത്തില്‍ യു.എന്‍.സെക്രട്ടറി ബാന്‍ കി മൂണ്‍ `ഭക്ഷ്യരംഗത്ത് നിലവിലുള്ള പ്രതിസന്ധി ലോകത്ത് 100കോടിയോളം മനുഷ്യരെ പട്ടിണിയിലാക്കുമെന്ന്' പ്രഖ്യാപിക്കുകയുണ്ടായി. ഇത്തരം പ്രഖ്യാപനങ്ങളുടെ നൈരന്തര്യത്തിനപ്പുറം, ആഗോള സമൂഹത്തിന്റെ സഹകരണം ഉറപ്പാക്കി ലോകസന്തുലിതത്വം നിലനിറുത്തേണ്ട ബാദ്ധ്യത കൂടി യു.എന്‍.ഒ. യ്‌ക്കില്ലേ. ഇത് നിറവേറ്റപ്പെടാതെ പോകുന്നതുകൊണ്ടല്ലേ ലോകത്ത് പ്രതിസന്ധികളുടെ ആക്കം വര്‍ദ്ധിച്ചത്.
ജനസംഖ്യാവര്‍ദ്ധന; മതദര്‍ശനങ്ങള്‍, സമീപനങ്ങള്‍
പ്രകൃതിയോട് സമരസപ്പെട്ട് മാനവിക നാഗരികതയെ സമ്പന്നമാക്കാനാണ് മതദര്‍ശനങ്ങള്‍ ആവശ്യപ്പെടുന്നത്. സാമൂഹിക സന്തുലിതത്വം കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
``നിങ്ങള്‍ക്ക് നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. കുറച്ചുമാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ'' (ഖുര്‍ആന്‍ 7:10). ``ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു'' (ഖുര്‍ ആന്‍ 11:6). ദൈവിക സിദ്ധി പ്രകൃതിയില്‍ അന്തര്‍ലീനമായതുകൊണ്ടുതന്നെ മനുഷ്യവര്‍ഗ്ഗത്തിന്റെ ആദാനപ്രദാനങ്ങള്‍ക്കനുയോജ്യമായ രീതിയിലാണ് അതിന്റെ സംവിധാനമെന്നാണ് ഇസ്‌ലാം മതം പഠിപ്പിക്കുന്നത്. ജനനനിയന്ത്രണവും ഭ്രൂണഹത്യകളും ഈ പരിപ്രേക്ഷ്യത്തില്‍ അപ്രസക്തമാണ്.
ബൈബിളും ഗീതയും ഈ തത്വം തന്നെയാണ് ബോദ്ധ്യപ്പെടുത്തുന്നത്. ദാരിദ്ര്യവും ക്ഷാമവും മനുഷ്യകരങ്ങളുടെ തന്നെ പരിണതിയാണെന്നും സമതുലിതത്വമാണ് സാമൂഹിക ജീവിതത്തിലുണ്ടാവേണ്ടതെന്നും ഇവ തെര്യപ്പെടുത്തുന്നു. സാമ്പത്തിക കേന്ദ്രീകരണമാണ് ലോകത്തെ നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് കാറല്‍ മാര്‍ക്‌സും ഹെഗും നിരീക്ഷിക്കുന്നുണ്ട്.
ചുരുക്കത്തില്‍ സ്വാര്‍ത്ഥ താല്‍പര്യസംരക്ഷണാര്‍ത്ഥം ലോകത്ത് സാമ്പത്തിക - രാഷ്‌ട്രീയ തലങ്ങളില്‍ ഒരു വിഭാഗം മേല്‍ക്കൈ നേടുകയും രാഷ്‌ട്രാന്തരീയ സഹകരണ മനോഭാവങ്ങള്‍ അപ്രസക്തമാവുകയും ചെയ്‌തപ്പോഴാണ് പട്ടിണിമരണങ്ങള്‍, ദാരിദ്ര്യം, നിരക്ഷത തുടങ്ങിയ പ്രതിസന്ധികളിലേക്ക് ലോകം നീങ്ങിയത്. ഇത്തരം ചെയ്‌തികളെ സമൂഹമദ്ധ്യത്തില്‍ നിന്നും മറക്കാന്‍ ജനസംഖ്യാവര്‍ദ്ധനവിനെ `ശിഖണ്ഡി'യായി അവതരിപ്പിക്കുകയും ചെയ്യുന്നു.
മാനവവിഭവശേഷിയാണ് ലോകത്തെ ഏറ്റവും മുതല്‍കൂട്ടെന്ന തിരിച്ചറിവാണ് വേണ്ടത്. ഇതിനെ ഗുണാത്മകമായി പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള ഇടപെടലുകള്‍ സഗൗരവം തുടരേണ്ടതുണ്ട്.



എന്‍റെ സുഹൃത്തിന്റെ ലേഘനം അഭിമാന പുരസ്‌കാരം പോസ്റ്റുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteചൈന, ഈന്ത്യ, ബ്രസീൽ, റഷ്യ തുടങ്ങിയ ആനുപാതികമായി ഉയർന്ന ജനസംഖ്യയുള്ളാ രാജ്യങ്ങളുടെ വളർച്ച ഇബ്നു ഖൽദൂന്റെ ഉൾക്കഴ്ചയുടെ തെളിവാണു. ഉത്പാദകമായ രീതിയിൽ വിഭവങ്ങളെ ഉപയോഗപ്പെടുത്തേണ്ടാതിന്റെ ആവശ്യകതയാണു ആഫ്രിക്കൻ രാജ്യങ്ങളിലെ "വിളർച്ച" നമ്മോട് പറയുന്നതും.
ReplyDeleteന്റമ്മോ..
ReplyDeleteഗംഭീരം..
"ഉത്പാദകമായ രീതിയിൽ വിഭവങ്ങളെ ഉപയോഗപ്പെടുത്തേണ്ടാതിന്റെ ആവശ്യകതയാണു ആഫ്രിക്കൻ രാജ്യങ്ങളിലെ "വിളർച്ച" നമ്മോട് പറയുന്നതും."
ReplyDelete@ബ്ളോഗൻ , എല്ലാം മനസിലായിട്ടും ഒന്നും പ്രവര്‍ത്തിക്കാത്ത ഭരണാധികാരികള്‍, ഒന്നും ചെയ്തില്ലേലും നെഞ്ചിലേറ്റാന്‍ പൊതു ജനങ്ങള്‍.
നമുക്ക് തമ്മില്‍ തള്ളാന്‍ ഓരോ കാരണങ്ങള്‍ കിട്ടിയാല്‍ മതി.
@വാല്യക്കാരന്‍..
വന്നതിനു ഒരു പാട് നന്ദി,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞാന്‍ എന്റെ സുഹൃത്തിനെ തീര്‍ച്ചയായും അറിയിക്കാം
ലേഘനമല്ലല്ലോ..ലേഖനമല്ലേ? സംഗതി കട്ടിയാ..
ReplyDeleteഇത്തിരി കഠിനപ്രയത്നം ( ഹോംവര്‍ക്ക്) ചെയ്തെഴുതിയ ലേഖനം, അതിന്റെ മേന്മയുമുണ്ട്. ഭാവിയുണ്ട് സുഹൃത്തിന്..
ReplyDeletewell crafted...an article with substance...convey my wishes to him...
ReplyDeleteമത്സരങ്ങളില്‍ എഴുതുമ്പോള്‍ പലരും വിധികര്‍ത്താക്കളുടെ 'മുന്‍വിധിയെ' മാനിച്ചുകൊണ്ടാണ് എഴുതാറുള്ളത്. എം.അബ്ദുല്‍ സലാം അതില്‍ നിന്ന് വ്യത്യസ്തമായി ....congragulating hin once again..
ഇന്ന് പല യൂറോപ്പ്യന്‍ രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ജനസംഖ്യാ തളര്‍ച്ച... ജോലിക്ക് ആളെ കിട്ടാത്ത അവസ്ഥ... ഏറിയ പങ്കും വയോധികര്‍... ഇതുകൊണ്ടൊക്കെ തന്നെ ഇന്ത്യയുടെ ഭാവി ശോഭനമാണ്... ജനസംഖ്യ തന്നയാണ് നമ്മുടെ യഥാര്‍ത്ഥ ശക്തി...
ReplyDeleteജന സംഖ്യ പ്രശ്നവും അതിന്റെ വിവാദങ്ങളും ഉത്തരം കിട്ടാത്ത കീരാ മുട്ടിയാണ്. ഞാനില്ല.
ReplyDeleteജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് നടക്കുന്ന പുതിയ ചർച്ചകളും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്...
ReplyDeleteആശംസകൾ!